Saturday 29th of April 2017

നാടുകടത്തപ്പെട്ടവരുടെ അനുഭവം പകര്‍ന്നുനല്‍കി ഷ്‌റ്റെയ്ഗറിന്റെ പിരമിഡ്

Category: Entertainment Published: Friday, 16 December 2016
 
 
കൊച്ചി: നാടുകടത്തപ്പെട്ട കവികളുടെ ജീവിതത്തെ തന്റെ വീക്ഷണത്തിലൂടെ അനുഭവേദ്യമാക്കുകയാണ് ദ പിരമിഡ് ഓഫ് എക്‌സൈല്‍ഡ് പൊയറ്റ്‌സ് എന്ന ഇന്‍സ്റ്റലേഷനിലൂടെ സ്ലൊവീനിയന്‍ കലാകാരനായ അലേഷ് ഷ്‌റ്റെയ്ഗര്‍. കൊച്ചിമുസിരിസ് ബിനാലെ (കെഎംബി) 2016ന്റെ പ്രധാനവേദിയായ ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസിന് നടുവിലാണ് ചാണകവറളിയും പായയും കൊണ്ട് നിര്‍മിച്ചിരിക്കുന്ന സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ പിരമിഡ്. ഇതിനുള്ളില്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞ്, അശരീരിയായ കവിതാലാപനം കേട്ടുകൊണ്ടുള്ള നടത്തമാണ് സന്ദര്‍ശകര്‍ക്കായി കവികൂടിയായ ഷ്‌റ്റെയ്ഗര്‍ പലായനത്തിന് വിധിക്കപ്പെട്ട കവികളുടെ അവസ്ഥ എന്ന രീതിയില്‍ ഒരുക്കിയിരിക്കുന്നത്. 
ബിനാലെയുടെ ആദ്യ രണ്ടുദിവസങ്ങളില്‍ 'ഫയര്‍ വാക് വിത് മീ' എന്ന പേരില്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള നടത്തങ്ങള്‍ പിരമിഡിലൂടെ സന്ദര്‍ശകര്‍ക്കൊപ്പം ഷ്‌റ്റെയ്ഗര്‍ നടത്തിയിരുന്നു. പ്രശസ്ത സംവിധായന്‍ ഷാജി എന്‍. കരുണ്‍ പിരമിഡിലെ ഫയര്‍ വാക്കില്‍ പങ്കെടുത്തിരുന്നു.
നാടുകടത്തപ്പെട്ടതോ അപ്രത്യക്ഷരായതോ ആയ കവികളുടെ ജീവിതത്തെക്കുറിച്ചും മുന്നിലുള്ള കഠിനമായ പാതയെക്കുറിച്ചും പിരമിഡിന് പുറത്തുവച്ച് ഷ്‌റ്റെയ്ഗറിന്റെ വിവരണത്തിന് ശേഷമാണ് നടത്തം ആരംഭിക്കുന്നത്. മഹാകവികളായ ഒവിഡ്, ബ്രെത്‌ഹോള്‍ഡ് ബ്രഹ്ത്, മഹ്മൂദ് ഡാര്‍വിഷ്, യാങ്ങ് ലിയാന്‍, ജോസഫ് ബ്രോഡ്‌സ്‌കി, ഇവാന്‍ ബ്ലാറ്റ്‌നി, സീസര്‍ വല്ലെഹോ തുടങ്ങിയവരുടെ കവിതകള്‍ പിരിമിഡിലെ ഇരുട്ടില്‍ കേട്ടുകൊണ്ടാണ് നടത്തം.
ഇരുട്ടിന്റെ ആശയം രസകരമായാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഷാജി എന്‍. കരുണ്‍ പറയുന്നു. തീര്‍ച്ചയായും അത് നാടുകടത്തപ്പെടുന്നതിന്റെ രൂപകമാണ്. പഴയകാലത്തെ ആത്മാക്കള്‍ നമ്മോട് തിരികെപ്പോകാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നമുക്ക് മുന്നോട്ടുപോയേ പറ്റു എന്നും കല്ലറയിലെ മണ്ണും പായയും കൊണ്ട് ഒരുക്കിയ ഇടനാഴികളിലൂടെയുള്ള തന്റെ നടത്തത്തെക്കുറിച്ചു ഷാജി എന്‍. കരുണ്‍ പറഞ്ഞു.
പുറത്തേക്കിറങ്ങുന്ന വാതിലില്‍, മനസില്‍ ആദ്യം വരുന്ന വാക്ക് ഉരുവിട്ടുകൊണ്ട് കവിയുടെ പേരെഴുതിയ കടലാസ് തീയിലേക്ക് നിക്ഷേപിക്കുന്നതോടെ ആത്മാവ് സ്വതന്ത്രമായി എന്ന സങ്കല്‍പ്പത്തിലാണ് തീനടത്തം അവസാനിക്കുന്നത്.
 
 
ചരിത്രത്തിലുടനീളം, കവികളെ അവരുടെ ജന്മനാട്ടില്‍ നിന്നുപുറത്താക്കുകയും അവരുടെ ഓര്‍മ്മകള്‍ മായ്ച്ചുകളയുകയും ചെയ്യുന്ന പ്രവണത ആവര്‍ത്തിച്ചുവരുന്നതായി തന്റെ സൃഷ്ടിയെക്കുറിച്ച് സംസാരിക്കവേ ഷ്‌റ്റെയ്ഗര്‍ പറയുന്നു. ഏകാധിപതികള്‍ക്ക് സ്തൂപങ്ങള്‍ പണിയുന്ന നിലവിലെ സ്ഥിതി മാറ്റിമറിക്കാനും നമ്മളില്‍നിന്നു മറച്ചുവച്ചിരുന്ന ചരിത്രത്തിന് സ്മാരകം പണിയാനുമുള്ള എന്റെ ശ്രമമാണിത്. ഇവിടെനിന്നു പുറത്തിറങ്ങുമ്പോള്‍, പുനര്‍ജന്മമെടുത്ത പ്രതീതി സന്ദര്‍ശകന് തോന്നുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷ്‌റ്റെയ്ഗര്‍ കൂട്ടിച്ചേര്‍ത്തു.