Sunday 22nd of April 2018

മതേതരഭാഷയായ മലയാളം ഒന്നാം ഭാഷയാക്കണം - ഡോ അംബികാസുതന്‍ മാങ്ങാട്‌

Category: Kasaragod
Published: Friday, 06 November 2015

കാസര്‍കോട്: മതേതരഭാഷയായ മലയാളത്തെ സംസ്ഥാനത്തെ ഒന്നാംഭാഷയായി അംഗീകരിക്കണമെന്ന്‌ പ്രശസ്‌ത സാഹിത്യകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാട്‌ അഭിപ്രായപ്പെട്ടു.

 

ജില്ലാഭരണകൂടവും വിവര, പൊതുജന സമ്പര്‍ക്ക വകുപ്പും അക്ഷര ഗ്രന്ഥാലയവും കളക്‌ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ സംഘടിപ്പിച്ച മലയാള ശ്രേഷ്‌ഠഭാഷാദിനം ഭരണഭാഷാ വാരാഘോഷത്തില്‍ സാംസ്‌കാരിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 

ലോകഭാഷകളില്‍ 26ാം സ്ഥാനത്താണ്‌ മലയാളം. മലയാളഭാഷയെ സംബന്ധിച്ച്‌ യാതൊരു ഭീതിയുടെയും ആവശ്യമില്ല. ഇംഗ്ലീഷും അറബിയും പോര്‍ച്ചുഗീസും ഡച്ചും പാലിയും തമിഴും സംസ്‌കൃതവും ഉള്‍പ്പടെ വിവിധ ഭാഷകളില്‍ നിന്ന്‌ പദങ്ങള്‍ സ്വീകരിച്ചാണ്‌ മലയാളം ഭാഷ സമൃദ്ധി കൈവരിച്ചത്‌. അന്യഭാഷ പദങ്ങള്‍ നിരവധി വന്നുചേര്‍ന്ന ഇടമാണ്‌ മലയാളം. തിരുവിതാംകൂര്‍, കൊച്ചി ,മലബാര്‍ എന്നിവ കണ്ണി ചേര്‍ന്ന്‌ കേരളം രൂപംകൊണ്ടത്‌ ഈ ഭാഷയുടെ അടിസ്ഥാനത്തിലാണ്‌.

 

മതേതരമായ മലയാളത്തെ ഒന്നാം ഭാഷയാക്കുന്നതില്‍ സംശയിക്കേണ്ടതില്ല. മലയാളത്തില്‍ ശാസ്‌ത്രം പഠിപ്പിക്കുന്നതിന്‌ പോലും പരിമിതികളില്ല. ഭാഷയെ സജീവമായി നിലനിര്‍ത്തുന്നത്‌ സാഹിത്യമാണ്‌. മലയാളത്തിന്റെ ഭാഷസമൃദ്ധിയെ തിരിച്ച്‌ പിടിക്കണം. സപ്‌തഭാഷ സംഗമഭൂമിയായ കാസര്‍കോടിന്റെ പദസമ്പത്തും ഭാഷാ സമൃദ്ധിയും ലോകത്ത്‌ മറെറാരിടത്തും കാണാനാകില്ലെന്ന്‌ അംബികാസുതന്‍ മാങ്ങാട്‌ അഭിപ്രായപ്പെട്ടു. കലയിലൂടെ പ്രതിരോധത്തിന്റെ ശബ്‌ദം ഉയര്‍ത്താനാകും. ഉത്തരകേരളീയന്‍ പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം പാട്ടിലൂടെ ചെയ്‌തത്‌ അതാണെന്നും അദ്ദേഹം പറഞ്ഞു.

 

ഭരണഭാഷാ വാരാഘോഷം ജില്ലാ കളക്‌ടര്‍ പിഎസ്‌ മുഹമ്മദ്‌ സഗീര്‍ ഉദ്‌ഘാടനം ചെയ്‌തു. അതിര്‍ത്തിസംസ്ഥാനങ്ങളിലുള്ളവരുടെ ഭാഷാസ്‌നേഹം മലയാളികള്‍ക്ക്‌ ഇല്ലെന്ന്‌ അദ്ദേഹം പറഞ്ഞു.ഔദ്യോഗിക ഭാഷാ വകുപ്പ്‌ നിലവിലുള്ള കേരളത്തില്‍ സര്‍ക്കാര്‍സേവനങ്ങള്‍ പൂര്‍ണമായും മലയാളത്തില്‍ നല്‍കുന്നതിന്‌ സര്‍ക്കാര്‍ പരിശ്രമിക്കുന്നുണ്ടെന്നും കളക്‌ടര്‍ പറഞ്ഞു. എഡിഎം എച്ച്‌ ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരുമായ വി .വി. പ്രഭാകരന്‍ , പി മുരഹരി, എന്നിവരെ ചടങ്ങില്‍ ജില്ലാ കളക്‌ടര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. നാരായണന്‍ പെരിയ , രാധാകൃഷ്‌ണന്‍ ഉളിയത്തടുക്ക എന്നിവര്‍ ആദരിച്ചവരെ സദസ്സിന്‌ പരിചയപ്പെടുത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി. ശേഖര്‍ സ്വാഗതം പറഞ്ഞു. നീലേശ്വരം ബങ്കളം സംസ്‌കാര നാട്ടറിവ്‌ പഠനകേന്ദ്രം അവതരിപ്പിച്ച തുളുനാടന്‍ പെരുമ നാടന്‍പാട്ട്‌ ആവിഷ്‌കാരവും അരങ്ങേറി. ഷിംജിത്ത്‌ നാരായണന്‍ , കെ എം രാമചന്ദ്രന്‍ , രതീഷ്‌, രാജേഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ നാടന്‍പാട്ട്‌ അവതരിപ്പിച്ചത്‌.