Saturday 21st of April 2018

കുടിവെള്ളകാഷാമം: കളക്ടറേറ്റില്‍ പ്രത്യേക യോഗം

Category: District News
Published: Friday, 18 March 2016

 
 
വയനാട്:  മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച വയനാട് ജില്ല കടുത്ത ചൂടിനെയും വരള്‍ച്ചയേയും നേരിടുന്ന സാഹചര്യത്തില്‍ പൊതുകിണറുകളും തോടുകളും കുളങ്ങളും മറ്റു ജലാശയങ്ങളും മാലിന്യം തള്ളാതെ വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യതയാണെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ ചൂണ്ടിക്കാട്ടി. ഒഴുകുന്നതോ കെട്ടിനില്‍ക്കുന്നതോ ആയ ഏത് ജലസ്രോതസ്സും പഞ്ചായത്ത് രാജ് നിയമ പ്രകാരം പഞ്ചായത്തിന്റെ സ്വത്താണെന്നും വരള്‍ച്ചാസമയത്ത് അവയുടെ ഉപയോഗം സംബന്ധിച്ച് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാവുന്നതാണെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അടിയന്തിര സ്വഭാവം വിലയിരുത്തി നടപടികള്‍ സ്വീകരിക്കുന്നതിന് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ള വിതരണത്തിന് ഏതാനും പഞ്ചായത്തുകള്‍ അനുമതി തേടിയിട്ടുണ്ട്. പുല്‍പ്പള്ളി,  മൂപ്പൈനാട്, മുള്ളന്‍കൊല്ലി, പൂതാടി, നൂല്‍പ്പുഴ, മേപ്പാടി, തിരുനെല്ലി, അമ്പലവയല്‍, നെന്‍മേനി, അമ്പലവയല്‍, പനമരം, തരിയോട്, കോട്ടത്തറ്റ, വെള്ളമുണ്ട, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നഗരസഭകളിലും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളും കോളനികളുമുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിധേയമായി അത്യാവശ്യ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിനാണ് കലക്ടറുടെ നിര്‍ദേശം. കുടിവെള്ള വിതരണം നടത്തുമ്പോള്‍ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തണം. 
 
 
കുടിവെള്ളക്ഷാമം രൂക്ഷമായതിനാല്‍ മേപ്പാടിയില്‍ പഞ്ചായത്ത് കുടിവെള്ള വിതരണം നടത്തുന്നതായി സെക്രട്ടറി അറിയിച്ചു. ജല അതോറിറ്റിയുടെ പദ്ധതി കണക്ഷന്‍ ഉണ്ടായിട്ടും കുടിവെള്ളം എത്താത്ത പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ ജല അതോറിറ്റിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ജലനിധി പദ്ധതിയുള്ള പ്രദേശങ്ങളില്‍ അവരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം. സ്വയംസന്നദ്ധരായ ആള്‍ക്കാരെ ഉപയോഗിച്ച് കുളങ്ങള്‍ നവീകരിക്കുന്നതിന് തടസ്സമില്ല. പൈപ്പുകളിലൂടെ കുടിവെള്ളവിതരണം ഇല്ലാത്ത പട്ടികജാതി-വര്‍ഗ കോളനികളില്‍ കുടിവെള്ള വിതരണത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അത്തരം കോളനികളുടെ പട്ടിക ലഭ്യമാക്കണമെന്ന് ജല അതോറിറ്റി നിര്‍ദേശിച്ചു. ഇതിനായി ഐ.ടി.ഡി.പിയെ കലക്ടര്‍ ചുമതലപ്പെടുത്തി. പട്ടിക വര്‍ഗവകുപ്പിന്റെ കോര്‍പസ് ഫണ്ടില്‍നിന്ന് വരള്‍ച്ചയെ നേരിടുന്നതിന് ഫണ്ട് ലഭ്യമാക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
 
കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ക്ലോറിന്‍ ഗുളികകള്‍ ആരോഗ്യവകുപ്പിന്റെ കൈയില്‍ ലഭ്യമാണെന്ന് ഡെപ്യൂട്ടി ഡി.എം.ഒ കെ. മോഹനന്‍ യോഗത്തില്‍ അറിയിച്ചു. ഇതിനായി ആരോഗ്യ വകുപ്പുമായി തദ്ദേശ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ടാല്‍ മതി.
 
വരള്‍ച്ച സംബന്ധിച്ച് 10 വര്‍ഷത്തെ സ്ഥിതിവിവര കണക്ക് പരിശോധിച്ച് പഞ്ചായത്തുകളില്‍ അഞ്ചു വര്‍ഷ ഗ്യാരന്റിയോടെ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം രണ്ടു ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്ഥലത്ത് സ്‌കൂളുകളിലോ അങ്കണവാടികളിലോ വലിയ ടാങ്ക് സ്ഥാപിച്ച് വരള്‍ച്ചാ സമയത്ത് വൃത്തിയാക്കി കുടിവെള്ളം സംഭരിച്ച് ഉപയോഗിക്കാന്‍ കഴിയുംവിധത്തിലാണ് ഇത് വിഭാവനം ചെയ്യുന്നത്. കൈയേറ്റം മൂലം തോടുകളുടെ വിസ്തൃതി കുറഞ്ഞുവരുന്നതായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് യോഗത്തില്‍ ചൂണ്ടിക്കാട്ടി. കൈയേറ്റം ഒഴിപ്പിച്ച് തോടുകളുടെ വിസ്തൃതി വീണ്ടെടുക്കാന്‍ പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ തയാറാക്കേണ്ടതുണ്ട്. കുളങ്ങളും മറ്റ് ജലേ്രസാതസ്സുകളും നവീകരിച്ച് വരള്‍ച്ചയ്ക്ക് പരിഹാരം തേടേണ്ടതുണ്ട്.
 
വരള്‍ച്ചാ പ്രതിരോധം സംബന്ധിച്ച് മാര്‍ച്ച് നാലിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ എ.ഡി.എം സി.എം. മുരളീധരന്‍, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ എം.കെ. രാജന്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.