Monday 17th of December 2018

വെള്ളാനിക്കല്‍ റൂറല്‍ ടൂറിസം പദ്ധതിക്ക് തുടക്കമായി

Category: Thiruvananthapuram
Published: Wednesday, 03 February 2016
 
 
തിരുവനന്തപുരം: വെള്ളാനിക്കല്‍ കുന്നിലെ ടൂറിസം പദ്ധതി അന്തര്‍ദേശീയ ശ്രദ്ധ നേടിയെടുക്കാന്‍ കേന്ദ്രമായി പടിപടിയായി വളര്‍ത്തിയെടുക്കുന്നതിന്റെ തുടക്കമായാണ് പുതിയ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി അഭിപ്രായപ്പെട്ടു. വെള്ളാനിക്കല്‍ റൂറല്‍ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
49 ലക്ഷം രൂപയുടെ പദ്ധതിയാണ് വെള്ളാനിക്കലിനായി തയാറാക്കിയിരിക്കുന്നത്. ഇതില്‍ ആദ്യഘട്ടപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച 25 ലക്ഷം ഉപയോഗിച്ചുള്ള പദ്ധതികളാണ് ആരംഭിച്ചിരിക്കുന്നത്. പോത്തന്‍കോട്, മാണിക്കല്‍, മുദാക്കല്‍ പഞ്ചായത്തുകളും മറ്റ് ത്രിതല ഫണ്ടുകളും പദ്ധതിവിഹിതത്തില്‍ നിന്നുള്ള ഫണ്ട് അനുവദിച്ചാല്‍ ഡി.ടി.പി.സി അമിനിറ്റി സെന്ററും മറ്റ് സൗകര്യങ്ങളും ഒരുക്കും. 
 
ഇത്രയും പ്രകൃതി മനോഹാരിത സംസ്ഥാനത്ത് തന്നെ അപൂര്‍വമാണ്. കേന്ദ്ര ടൂറിസം മന്ത്രി വന്നപ്പോള്‍ വെള്ളാനിക്കല്‍ കൂടി ഉള്‍പ്പെടുത്തി ഏഴുകുന്നുകളും ഒരു കായലും ഉള്‍പ്പെടുത്തി ടൂറിസം പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. വരുംവര്‍ഷങ്ങളില്‍ റോപ്പ് വേ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണം. കുന്നിലേക്കുള്ള റോഡുകള്‍ ആധുനിക രീതിയില്‍ നവീകരിച്ച് പോത്തന്‍കോട്, വെഞ്ഞാറമൂട് ഭാഗങ്ങളിലേക്കുള്ള യാത്രാസൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രകൃതിമനോഹാരിത നഷ്ടപ്പെടുത്താതെ കൂടുതല്‍ വികസനം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ടൂറിസം മേഖലയിലെ വിദഗ്ധരുടെ സെമിനാര്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
 
പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് കൂടിയായ അഡീ. ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദ് സ്വാഗതം പറഞ്ഞു. മുന്‍ സെക്രട്ടറി ഒ.ടി. പ്രകാശ് പദ്ധതി അവതരിപ്പിച്ചു. മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാത, മുദാക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ആര്‍.എസ്. വിജയകുമാരി, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് അംഗം ആനക്കുഴി ഷാനവാസ്, ജില്ലാ പഞ്ചായത്തംഗം വൈ. ശോഭകുമാര്‍, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 
പോത്തന്‍കോട്, മാണിക്കല്‍, മുദാക്കല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള വെള്ളാനിക്കല്‍ കുന്നില്‍ ലാന്‍ഡ്‌സ്‌കേപ്പിംഗ്, അടിസ്ഥാനസൗകര്യങ്ങള്‍, പടവുകള്‍, പാര്‍ക്കിംഗ് സൗകര്യം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. വിനോദസഞ്ചാരവകുപ്പിനുകീഴില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. നിര്‍മ്മിതികേന്ദ്രമാണ് നിര്‍മ്മാണനിര്‍വഹണം.