Sunday 22nd of April 2018

10 ലക്ഷത്തിനു മുകളിലുള്ള പണമിടപാടുകള്‍ ബാങ്കുകള്‍ അറിയിക്കണം

Category: District News
Published: Tuesday, 26 April 2016
പത്തനംതിട്ട : പത്തു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ ബാങ്കുകള്‍ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച് ബാങ്കുകള്‍ക്കുള്ള അറിയിപ്പ് കളക്ടര്‍ നല്‍കും. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ എം.സതീഷ്‌കുമാറിന്റെ സാന്നിധ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ അധ്യക്ഷത വഹിച്ചു. 
 
വിവിധ സ്‌ക്വാഡുകളുടെ മേധാവികള്‍ക്ക് ബുധനാഴ്ച രാവിലെ 10.30ന് കളക്ടറേറ്റില്‍ പരിശീലനം നല്‍കും. നിരീക്ഷകന്റെ നിര്‍ദേശാനുസരണമാണ് പരിശീലനം. തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച പ്രതിദിന റിപ്പോര്‍ട്ട് അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ക്ക് നല്‍കണമെന്ന് ചെലവ് നിരീക്ഷകന്‍ നിര്‍ദേശിച്ചു. നിരീക്ഷകന്റെ അഭാവത്തില്‍ ജില്ലാ കളക്ടര്‍ ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കും. സ്‌ക്വാഡുകളുടെ പരിശോധനാ സമയത്ത് നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെ വിവരം പോലീസിനെ അറിയിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ പതിക്കാന്‍ പാടില്ലെന്ന് കളക്ടര്‍ അറിയിച്ചു. 
ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ ഐ.അബ്ദുള്‍ സലാം, ഫിനാന്‍സ് ഓഫീസര്‍ കെ.ജി ജയശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.