Wednesday 18th of September 2019

എലിപ്പനിയില്‍ നിന്നും രക്ഷ നേടാന്‍ ശനിയാഴ്ച ഡോക്‌സി ഡേ

Category: Thiruvananthapuram Published: Thursday, 15 August 2019

പോളിയോ വാക്‌സിന്‍ ക്യാമ്പയിന്‍ പോലെ ഡോക്‌സിസൈക്ലിന്‍ ക്യാമ്പയിനും
തിരുവനന്തപുരം: പ്രളയജലവുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് എലിപ്പനി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഈ വരുന്ന ശനിയാഴ്ച മുതല്‍ ആറ് ശനിയാഴ്ചകളില്‍ ഡോക്‌സി ഡേ ആയി ആചരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പോളിയോ വാക്‌സിന്‍ ക്യാമ്പയിന്‍ പോലെ വിപുലമായ ക്യാമ്പയിനാണ് ലക്ഷ്യമിടുന്നത്. പ്രളയബാധിത ജില്ലകളിലെ ആശുപത്രികള്‍, റിലീഫ് ക്യാമ്പുകള്‍, തിരഞ്ഞെടുക്കപ്പെട്ട പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം ഡോക്‌സി ബൂത്തുകള്‍ സ്ഥാപിച്ചാണ് ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. എലിപ്പനിയെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനും ഡോക്‌സിസൈക്ലിന്‍ നേരിട്ടെത്തിക്കുന്നതിനും വേണ്ടിയാണ് ഡോക്‌സി ബൂത്തുകള്‍ സ്ഥാപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഓഗസ്റ്റ് 17ന് ശനിയാഴ്ച ഡോക്‌സി ഡേയുടെ സംസ്ഥാനതല പ്രചാരണ പരിപാടിയ്ക്ക് തുടക്കമാകും. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോകുന്നവരും മലിനജലത്തില്‍ ഇറങ്ങുന്നവരും നിര്‍ബന്ധമായും ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. മലിന ജലത്തിലിറങ്ങുന്നവര്‍ (ഗര്‍ഭിണികളും 12 വയസ്സിന് താഴെയുള്ള കുട്ടികളും ഒഴികെ) നിര്‍ബന്ധമായും ആഴ്ചയില്‍ ഒരിക്കല്‍ എലിപ്പനിയ്ക്കുള്ള പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ 200 മില്ലിഗ്രാം (100 മില്ലിഗ്രാമിന്റെ രണ്ട് ഗുളികകള്‍) നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലമത്രയും ആഴ്ചയിലൊരിക്കല്‍ ഈ ഗുളിക കഴിക്കണം. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഉള്ള ചികിത്സ ഡോക്ടറുടെ നിര്‍ദേശ പ്രകാരം നല്‍കേണ്ടതാണ്.