Friday 18th of October 2019

ആരോഗ്യമേഖലയിലെ പുരോഗതി മുന്നോട്ടുകൊണ്ടുപോകാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനാകും

Category: Thiruvananthapuram Published: Monday, 11 February 2019
* 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി' ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : ആരോഗ്യമേഖലയിലെ പുരോഗതി ഇനിയും മുന്നോട്ടുകൊണ്ടുപോകാന്‍ സംസ്ഥാനത്തിന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സംഭാവനകളിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യരംഗത്തെ ഗവേഷണോന്‍മുഖമായ മുന്നോട്ടുപോക്കിന്റെ പ്രതീകമായി ഈ സ്ഥാപനം മാറുമെന്നും അദ്ദേഹം പറഞ്ഞു. ലോകോത്തര നിലവാരത്തില്‍ തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ സ്ഥാപിക്കുന്ന 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി'യുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
       നമ്മുടെ നാട്ടില്‍ ഇല്ലാതായ രോഗങ്ങള്‍ തിരിച്ചുവരികയും ചിലഘട്ടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ കടന്നാക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സ്ഥാപനം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞാണ് ഇതുസംബന്ധിച്ച നിര്‍ദേശം വന്നപ്പോള്‍ അംഗീകരിച്ചത്. വൈറോളജി രംഗത്തെ രോഗനിര്‍ണയത്തിനും ഗവേഷണത്തിനും സംസ്ഥാനത്തിന് മാത്രമല്ല, അഖിലേന്ത്യാതലത്തില്‍ തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ഗുണകരമാകും. ഗ്‌ളോബല്‍ വൈറസ് നെറ്റ്വര്‍ക്കുമായുള്ള ബന്ധവും സ്ഥാപനത്തിന് ഗുണകരമാണ്. പശ്ചാത്തലവികസനത്തിന് നാം ഏറെ പ്രാധാന്യമാണ് കൊടുക്കുന്നത്. അതോടൊപ്പം തന്നെ ചില പകര്‍ച്ചവ്യാധികള്‍ നമ്മെ ഇടയ്ക്കിടെ ബുദ്ധിമുട്ടിക്കുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അടുത്തിടെ നിപാ രോഗം വന്നതും അതു കൈകാര്യം ചെയ്ത രീതിയും ലോകശ്രദ്ധ നേടിയതാണ്. നമ്മുടെ രാജ്യത്തും അന്താരാഷ്ട്രതലത്തിലും ബന്ധപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടാണ് കാര്യങ്ങള്‍ നീക്കുന്നത്. നല്ല സഹകരണമാണ് ഇക്കാര്യത്തില്‍ ലഭിക്കുന്നതും സ്ഥാപനത്തിന്റെ പ്രസക്തിയും ആധികാരികതയും വര്‍ധിപ്പിക്കുന്നുണ്ട്.
         ആരോഗ്യമേഖലയിലെ വികസനം ഏറ്റവും പ്രധാനമായാണ് സര്‍ക്കാര്‍ കാണുന്നത്. ഇത്തരം സ്ഥാപനം വരുന്നത് ആരോഗ്യരംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കും. ഇതില്‍നിന്നുണ്ടാകുന്ന തൊഴിലിനപ്പുറം സാമൂഹ്യമായ പ്രസക്തി വളരെ വിലപ്പെട്ടതാണ്. അതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ ശാസ്ത്രരംഗത്ത് നമ്മൂടെ നാട്ടില്‍ കൂടുതലായി ഉണ്ടാകേണ്ടതുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നില എല്ലാ ഭാഗത്തുനിന്നുമുണ്ടാകണം. നമ്മുടെ നാട്ടിന്റെ ഉയര്‍ച്ച കണക്കിലെടുത്താണ് മലയാളികളായ ഡോ. എം.വി. പിള്ളയും ഡോ. ശാരങധരനും ഈ ആശയം മുന്നോട്ടുവെച്ചത്. അതുള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോയത്. സ്ഥാപനം കൂടുതല്‍ വിപുലപ്പെടുത്തുന്നതിനും അവരുടെ സേവനം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
   ആരോഗ്യരംഗത്തെ പുരോഗതിക്കും നാടിന്റെ പൊതുവേയുള്ള വളര്‍ച്ചയ്ക്കും പകര്‍ച്ചവ്യാധികള്‍ പോലുള്ള പ്രശ്‌നങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതു പരിഹരിക്കാനാവുംവിധം ഗൗരവമായ ഇടപെടലിന്റെ ഭാഗമായാണ് ഈ സ്ഥാപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു. ലോകോത്തര ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തിനാകെ ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ഡോ. എ. സമ്പത്ത് എം.പി, യു.എസ്.എ തോമസ് ജെഫര്‍സണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. എം.വി പിള്ള, ഗ്‌ളോബല്‍ വൈറസ് നെറ്റ്വര്‍ക്ക് പ്രസിഡന്റ് ഡോ. ക്രിസ്റ്റിയന്‍ ബ്രെഷോ, ഡബ്‌ളിന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡോ. വില്യം ഹാള്‍, ബാള്‍ട്ടിമോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ഡയക്ടര്‍ ഡോ. ശ്യാംസുന്ദര്‍ കൊട്ടിലില്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി. ചടങ്ങിനെത്താന്‍ കഴിയാതിരുന്ന ബാള്‍ട്ടിമോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയിലെ ഡോ. റോബര്‍ട്ട് ഗാലോ വീഡിയോ സന്ദേശത്തിലൂടെ ആശംസകള്‍ നേര്‍ന്നു.
          കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ്, പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബാ ബീഗം, മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുമ, ജില്ലാ പഞ്ചായത്തംഗം ബി.ലളിതാംബിക തുടങ്ങിയവര്‍ സംബന്ധിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ.എസ്. പ്രദീപ്കുമാര്‍ സ്വാഗതവും അഡൈ്വസര്‍ പ്രൊഫ. ജി.എം. നായര്‍ നന്ദിയും പറഞ്ഞു. 
           ഉദ്ഘാടനചടങ്ങിനെത്തുടര്‍ന്ന് ചടങ്ങിനെത്തിയ അന്താരാഷ്ട്ര വിദഗ്ധരും ശാസ്ത്രജ്ഞരും പങ്കെടുത്ത ഇന്റര്‍നാഷണല്‍ വൈറോളജി ഡിസ്‌കഷന്‍ മീറ്റും സംഘടിപ്പിച്ചു. 80,000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള നൂതന സൗകര്യങ്ങളുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് മന്ദിരമാണ് നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ 25,000 ചതുരശ്രഅടിയില്‍ ഒരുങ്ങുന്ന പ്രീ ഫാബ് കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിനുള്ള 25,000 ചതുരശ്ര അടി കെട്ടിടം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘമാണ് നിര്‍മ്മിച്ചത്. അതിവിശാലമായ, അന്താരാഷ്ട്ര നിലവാരവും മാനദണ്ഡവുമനുസരിച്ചുള്ള 80,000 ചതുരശ്ര അടി പ്രധാന സമുച്ചയത്തിന്റെ നിര്‍മാണചുമതല കെ.എസ്.ഐ.ഡി.സി മുഖേന എല്‍.എല്‍.എല്‍ ലൈറ്റ്‌സിനാണ് നല്‍കിയിരിക്കുന്നത്. ഈ സമുച്ചയം ആഗസ്റ്റോടെ പൂര്‍ത്തിയാകും. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ 25,000 ചതുരശ്രഅടി മന്ദിരത്തിന്റെ പ്രവര്‍ത്തനം ഈ മാസം തന്നെ പൂര്‍ണതോതിലാകും. അന്താരാഷ്ട്രതലത്തില്‍ 'ഗ്‌ളോബല്‍ വൈറസ് നെറ്റ്വര്‍ക്കി'ന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ടിന് ശാസ്ത്ര ഗവേഷണരംഗത്തെ നൂതന പരിഷ്‌കാരങ്ങളും വിവരങ്ങളും ഗവേഷണഫലങ്ങളും ലഭ്യമാകും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു ഇന്‍സ്റ്റിറ്റ്യൂട്ട് 'ഗ്‌ളോബല്‍ വൈറസ് നെറ്റ്വര്‍ക്കി'ന്റെ ഭാഗമാകുന്നത്.