Saturday 19th of January 2019

യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്തു

Category: Thiruvananthapuram Published: Saturday, 12 January 2019
 
 
തിരുവനന്തപുരം:  നവോത്ഥാനമൂല്യങ്ങള്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് കേരളത്തിലെ യുവജനങ്ങളെന്ന് വ്യവസായ, കായിക, യുവജനകാര്യമന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. സമൂഹവും ശാസ്ത്രവും വികസിച്ചുകൊണ്ടിരിക്കുമ്പോഴും ഒട്ടനവധി അനാചാരങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. പ്രളയകാലത്ത് യുവത്വത്തിന്റെ സവിശേഷത ഉയര്‍ത്തിപ്പിടിച്ചവരാണ് കേരളത്തിലെ യുവാക്കള്‍. പ്രളയകാലത്തു കണ്ട അവരുടെ കൂട്ടായ്മ ഇനിയും നമുക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.  
 
സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമബോര്‍ഡും യുവജനകമ്മിഷനും കായിക, യുവജനകാര്യവകുപ്പും സംയുക്തമായി സംഘടിപ്പിച്ച യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനക്കൂട്ടായ്മകള്‍ക്ക് ഇന്നത്തെ ഇന്ത്യയില്‍ ഏറെ പ്രാധാന്യമുണ്ട്. യുവജനങ്ങളിലാണ് നാടിന്റെ പ്രതീക്ഷ. എന്നാല്‍ ഈ യുവജനശക്തിയിലൂടെത്തന്നെ വളരാനാണ് തീവ്രപ്രസ്ഥാനങ്ങളും ശ്രമിക്കുന്നത്. ആത്മീയ, മതചിന്തകളില്‍ കുരുങ്ങിക്കിടന്നതായിരുന്നില്ല സ്വാമി വിവേകാനന്ദന്റെ ജീവിതം. എല്ലാ മനുഷ്യരെയും ഒന്നായിക്കണ്ട വിശ്വമാനവികതയാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഒന്നരനൂറ്റാണ്ടിനുശേഷവും അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
 
യുവജനകമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം അധ്യക്ഷയായിരുന്നു. യുവജനദിന പ്രതിജ്ഞയും അവര്‍ ചൊല്ലിക്കൊടുത്തു. യുവജന കമ്മിഷന്‍ അംഗങ്ങളായ തുഷാര ചക്രവര്‍ത്തി, അഡ്വ.കെ.യു.ജനീഷ്‌കുമാര്‍, കായിക, യുവജനകാര്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബി.അജിത്ത് കുമാര്‍, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, യുവജനക്ഷേമബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു സ്വാഗതവും മെമ്പര്‍ സെക്രട്ടറി ആര്‍.എസ്.കണ്ണന്‍ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ്, ചിത്രരചനാമത്സരങ്ങളിലെ വിജയികള്‍ക്കും മികച്ച യുവജനക്ളബ്ബുകള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു.