Saturday 19th of January 2019

ഈ സര്‍ക്കാര്‍ ഒരു ലക്ഷത്തിലേറെ ഭൂരഹിതര്‍ക്കു പട്ടയം നല്‍കി

Category: Thiruvananthapuram Published: Friday, 11 January 2019
കാലാവധി പൂര്‍ത്തിയാക്കുംമുന്‍പ് ശേഷിക്കുന്ന ഭൂരഹിതര്‍ക്കും പട്ടയം
 
തിരുവനന്തപുരം : ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടര വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഭൂരഹിരതരായ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പട്ടയം നല്‍കാന്‍ കഴിഞ്ഞതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ശേഷിക്കുന്ന ഭൂരഹിതര്‍ക്കു സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകും മുന്‍പു പട്ടയം നല്‍കാനുള്ള നടപടികള്‍   പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 444 ഭൂരഹിതര്‍ക്കു മേളയില്‍ പട്ടയവും കൈവശാവകാശ രേഖയും വിതരണം ചെയ്തു.
 
ഭൂരഹിതരായ അര്‍ഹതപ്പെട്ട മുഴുവന്‍പേര്‍ക്കും പട്ടയം നല്‍കുകയെതാണു സര്‍ക്കാരിന്റെ    നയമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. നിയമാനുസൃത നടപടികളിലൂടെ അര്‍ഹതപ്പെട്ടവര്‍ക്കു പരമാവധി വേഗത്തില്‍ ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികളിലാണു റവന്യൂ വകുപ്പ്. മിച്ചഭൂമി ഏറ്റെടുത്ത് അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കുന്നതിനു ചില സാങ്കേതിക തടസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. റവന്യൂ പുറമ്പോക്കുകള്‍ പതിച്ചുകിട്ടാന്‍ കാത്തിരിക്കുന്നവരുടെ അപേക്ഷകളില്‍ നിയമാനുസൃതമായ തീര്‍പ്പുണ്ടാകും. ലാന്‍ഡ് അസസ്‌മെന്റ് കമ്മിറ്റികള്‍വഴിയുള്ള ഭൂമി വിതരണത്തിന്റെ നടപടികളും നടക്കുന്നുണ്ട്.ഈ മാസം 21ന് തൃശൂരിലും 22ന് ഇടുക്കിയിലും നിശ്ചയിച്ചിരിക്കുന്ന പട്ടയമേളകള്‍ കൂടി പൂര്‍ത്തിയാകുമ്പോള്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 1,05,000 ഭൂരഹിതര്‍ക്കു സ്വന്തമായി ഭൂമി എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
 
ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കുകയെന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനത്തിനൊപ്പം നില്‍ക്കുന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ ചടങ്ങില്‍ അധ്യക്ഷത വഹിച്ച          സഹകരണം  ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിനന്ദിച്ചു. ജില്ലയില്‍ തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ ഭൂരഹിതരായവര്‍ക്കാണ് പട്ടയമേളയിലൂടെ സ്വന്തമായി ഭൂമി നല്‍കിയത്. വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളിലുള്ളവര്‍ക്കായി പ്രത്യേകം പട്ടയമേള നടത്തും. കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എമാരായ കെ. ആന്‍സലന്‍, ഐ.ബി. സതീഷ്, വി.എസ്. ശിവകുമാര്‍, ജില്ലാ കളക്ടര്‍ കെ. വാസുകി, എ.ഡി.എം. വി.ആര്‍. വിനോദ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ജോണ്‍.വി.സാമുവല്‍, സാം ക്ലീറ്റസ്, അനു എസ്. നായര്‍, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.