Saturday 15th of December 2018

രണ്ടുവര്‍ഷത്തിനുള്ളില്‍ കുഷ്ഠരോഗം പൂര്‍ണ്ണമായും നിര്‍മ്മാര്‍ജനം ചെയ്യുക ലക്ഷ്യം

Category: Thiruvananthapuram Published: Thursday, 06 December 2018
തിരുവനന്തപുരം : 2020 ഓടെ സംസ്ഥാനത്ത് നിന്ന് കുഷ്ഠരോഗം പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. സംസ്ഥാനത്തെ തെരഞ്ഞെടുത്ത എട്ടു ജില്ലകളില്‍ നടത്തുന്ന കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്‍ അശ്വമേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ കുട്ടികളില്‍ കുഷ്ഠരോഗം കണ്ടുവരുന്നതായുള്ള റിപ്പോര്‍ട്ടുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി വീടുകല്‍ലെത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കണം. രോഗലക്ഷണമുള്ളവര്‍ക്ക് പൂര്‍ണ ചികിത്സ സര്‍ക്കാര്‍ ഉറപ്പു വരുത്തും.  സംസ്ഥാനത്ത് പടരുന്ന പനി ഉള്‍പ്പെടെ രോഗങ്ങളില്‍ സ്വകാര്യ ആശുപത്രികളില്‍  നിന്നും റിപ്പോര്‍ട്ട് സ്വീകരിച്ച് പരിശോധിച്ച ശേഷമാണ് അന്തിമ കണക്കുകള്‍ പുറത്തുവിടുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
          ക്യാമ്പയിനോടനുബന്ധിച്ച് പാറശ്ശാല ജില്ലാ ആശുപത്രിയില്‍ നിന്നും ആരംഭിച്ച് ജനറല്‍ ആശുപത്രിയിലെത്തിയ ദീപശിഖ മന്ത്രി ഏറ്റുവാങ്ങി.  അശ്വമേധത്തിന്റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. കുഷ്ഠരോഗം മൂലമുണ്ടാകുന്ന പ്രകടമായ വൈകല്യങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 
             ചടങ്ങില്‍ ദേശീയ ആരോഗ്യദൗത്യം മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍. സരിത, കണ്ണമ്മൂല വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. സതീഷ്‌കുമാര്‍, ഫാദര്‍ ജോസ് കിഴക്കേടത്ത്, ഡോ. രതീഷ് റ്റി. പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഫിഷറീസ് വകുപ്പ്, വിദ്യാഭ്യാസവകുപ്പ്, സന്നദ്ധസംഘടനകള്‍ തുടങ്ങിയവ സംയുക്തമായാണ് അശ്വമേധം ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.