Friday 19th of October 2018

ദുരിതാശ്വാസ ഫണ്ട് : മുഖ്യമന്ത്രി ഒരു ലക്ഷം രൂപ സംഭാവന നല്‍കി

Category: Thiruvananthapuram Published: Saturday, 11 August 2018
തിരുവനന്തപുരം : ദുരിതാശ്വാസ ഫണ്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ 1 ലക്ഷം രൂപ സംഭാവന നല്‍കി.കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരിതമാണ് അഭിമുഖീകരിക്കുന്നത്. തകര്‍ന്ന പ്രദേശങ്ങളെ പുനര്‍നിര്‍മ്മിക്കുക ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ്. കേരള ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
 
സംസ്ഥാനത്തെ മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്ഭവനില്‍ നടത്താനിരുന്ന 'അറ്റ് ഹോം' സ്വീകരണ പരിപാടി റദ്ദാക്കിയതായി ഗവര്‍ണര്‍ പി. സദാശിവം അറിയിച്ചു. ഗവര്‍ണറുടെ ശമ്പളത്തില്‍ നിന്ന് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തീരുമാനിച്ചതായും ഗവര്‍ണര്‍ അറിയിച്ചു. കെടുതികളുടെ പശ്ചാത്തലത്തില്‍ രാജ്ഭവന്‍ ജീവനക്കാരോടും, സര്‍ക്കാര്‍ ജീവനക്കാരോടും പൊതുജനങ്ങളോടും ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാന ചെയ്യാന്‍ അഭ്യര്‍ഥിച്ചു.
 
 
സര്‍ക്കാരിന്റെയും ദുരന്ത നിവാരണ ഏജന്‍സികളുടേയും നിര്‍ദേശങ്ങള്‍ അനുസരിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ നടപടികള്‍ക്കും പൊതുജനങ്ങള്‍ സഹകരിക്കണം. സര്‍ക്കാര്‍ നടത്തിവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ സംതൃപ്തി രേഖപ്പെടുത്തി.