Saturday 15th of December 2018

200 ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിടങ്ങളില്‍ മഴവെള്ള സംഭരണം നിര്‍ബന്ധമാക്കണം: ജില്ലാ കളക്ടര്‍

Category: Thiruvananthapuram Published: Monday, 02 July 2018
തിരുവനന്തപുരം : ഇരുനൂറു ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ മഴവെള്ള സംഭരണം നിര്‍ബന്ധമാക്കണമെന്നും ഇതിനായി ബോധവല്‍ക്കരണം ശക്തമാക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. കെ വാസുകി പറഞ്ഞു.  കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി, ജൈവസമൃദ്ധി, ഒപ്പം പദ്ധതികളുമായി ബന്ധപ്പെട്ട് വിളപ്പില്‍ശാല സേവാകേന്ദ്രത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കളക്ടര്‍. പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാനും സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഐ.ബി. സതീഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പദ്ധതികള്‍ സംയോജിപ്പിച്ച് മൂന്ന് പദ്ധതികളും കൂട്ടിയോജിപ്പിച്ചു കാട്ടാക്കട നിയോജക മണ്ഡലത്തെ ഹരിതസമൃദ്ധമായ മണ്ഡലമാക്കുകയാണ് ലക്ഷ്യമെന്ന് എം.എല്‍.എ. പറഞ്ഞു.
നവീകരിച്ച തോടുകളിലും കുളങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ അനുവദിക്കരുതെന്നും മാലിന്യം വലിച്ചെറിയുന്ന പ്രശ്‌നങ്ങളുണ്ടായാല്‍ റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടണമെന്നും ഗ്രാമപഞ്ചായത്തുകള്‍ മുന്‍കൈ എടുത്തു മറ്റു വകുപ്പുകളുടെ സഹായത്തോടെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും കളക്ടര്‍ പറഞ്ഞു. ഭൂവിനിയോഗ കമ്മിഷണര്‍ എ. നിസാമുദീന്‍ ജലസമൃദ്ധി പദ്ധതിയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍ ഓരോ പഞ്ചായത്തിലും നടന്ന പ്രവൃത്തികളും അവതരിപ്പിച്ചു.  ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്ഥിരം സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.