Saturday 19th of January 2019

സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ നിശ്ചിച്ച വേതനം നഴ്‌സുമാര്‍ക്ക് നല്‍കണം

Category: Thiruvananthapuram
Published: Friday, 18 January 2019
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ നിശ്ചയിച്ച വേതനം നഴ്‌സുമാര്‍ക്ക് നല്‍കാന്‍ തയ്യാറാകണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. തിരുവനന്തപുരം ഗവ. നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 
ചില ആശുപത്രികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കുന്നുണ്ട്. മികച്ച വേതനം ലഭിച്ചില്ലെങ്കില്‍ ഈ മേഖലയിലേക്ക് കൂടുതല്‍ പേര്‍ കടന്നുവരില്ല. വിദേശങ്ങളില്‍ ജോലിക്കു പോകുന്ന നഴ്‌സുമാര്‍ ആ രാജ്യങ്ങളിലെ നിയമങ്ങള്‍ അറിഞ്ഞിരിക്കണം. മിക്കപ്പോഴും വിദേശത്ത് നിന്ന് നഴ്‌സുമാരുടെ പരാതികള്‍ ലഭിക്കുന്നുണ്ട്. ഇവ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുകയാണ് ചെയ്യാറുള്ളത്. നഴ്‌സിംഗിനെ വിദേശത്ത് ജോലി ലഭിക്കുന്നതിനുള്ള മാര്‍ഗം മാത്രമായി കാണരുത്. നല്ലയൊരു നഴ്‌സാകാന്‍ ബിരുദം മാത്രം പോര. മനുഷ്യ ജീവിതത്തെ അറിയുകകൂടി വേണം. ഇതിന് തുടര്‍ച്ചയായ പഠനം ആവശ്യമാണ്. നഴ്‌സിംഗ് കോളേജുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ നഴ്‌സിംഗില്‍ ഉന്നത പഠനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. 
 
കേരളത്തിലെ നഴ്‌സുമാരുടെ ജോലി സാഹചര്യം കൂടുതല്‍ സുരക്ഷിതവും മെച്ചപ്പെട്ടതുമാക്കുന്നതിന് സമയമായി. നിപ പടര്‍ന്നു പിടിച്ച വേളയില്‍ നഴ്‌സായ ലിനി ജീവന്‍ നല്‍കി നടത്തിയ സേവനത്തെ ലോകം തന്നെ അഭിനന്ദിച്ചതാണ്. ഒരിക്കലും മറക്കാനാവാത്ത സേവനമായിരുന്നു അത്. ജോലി ചെയ്യുന്ന സാഹചര്യങ്ങള്‍ സുരക്ഷിതമാക്കാന്‍ ആവശ്യമായ ഗവേഷണങ്ങള്‍ നടക്കണം. 
നഴ്‌സുമാര്‍ രോഗികളെ മികച്ച രീതിയില്‍ പരിചരിക്കുന്നതിനൊപ്പം മികച്ച ആശയവിനിമയം നടത്തുന്നവരുമാകണം. അവയവദാനവുമായി ബന്ധപ്പെട്ട നിയമങ്ങളും അവര്‍ അറിഞ്ഞിരിക്കണം. കാരണം രോഗികളും ബന്ധുക്കളും കൂടുതല്‍ സംസാരിക്കുന്നത് നഴ്‌സുമാരുമായിട്ടാവും. ഏത് മേഖലയില്‍ സേവനം ചെയ്യുമ്പോഴും പഠിച്ചിറങ്ങിയ സ്ഥാപനത്തെയും പഠിപ്പിച്ച അധ്യാപകരെയും മറക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. റാങ്ക് ജേതാക്കള്‍ക്കും മികച്ച വിദ്യാര്‍ത്ഥികള്‍ക്കും ഗവര്‍ണര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. 
 
കേരള ആരോഗ്യ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് പദ്ധതി ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എം. കെ. സി നായര്‍ പറഞ്ഞു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എം. ബി. എ കോഴ്‌സും ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററുമായി ചേര്‍ന്നാണ് ഇത് നടത്തുക. എം. ബി. എ സായാഹ്‌ന കോഴ്‌സും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാബീവി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എല്‍. നിര്‍മല, നഴ്‌സസ് ആന്റ് മിഡ്‌വൈഫറി കൗണ്‍സില്‍ രജിസ്ട്രാര്‍ പ്രൊഫ.വല്‍സ പണിക്കര്‍, നഴ്‌സിംഗ് വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. ആര്‍. ലത, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജോളി, പി. ടി. എ പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.