Sunday 17th of February 2019

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍

Category: Cabinet Brief Published: Thursday, 20 September 2018
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (19/09/2018)
 
 
തിരുവനന്തപുരം:  പ്രളയാനന്തര ശുചീകരണത്തിന്റെ തുടര്‍ച്ചയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ സംസ്ഥാനത്ത് തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. 
 
1. ഇതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉളള മാലിന്യങ്ങള്‍ സംസ്‌കരിക്കുകയും വേര്‍തിരിച്ച് പുനചംക്രമണത്തിന് കൈമാറുകയും ചെയ്യും. ഇതോടൊപ്പം നദികള്‍ തോടുകള്‍ മറ്റ് ജലാശയങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുചീകരിക്കും. 
 
2. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത്, നഗരകാര്യം ഗ്രാമവികസനം എന്നീ വകുപ്പുകള്‍ ഏകോപിപ്പിച്ച് നടത്തും. ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന്‍ എന്നിവയുടെ സംയുക്ത നേതൃത്വവും ഏകോപനവും ജില്ലാസംസ്ഥാന തലങ്ങളില്‍ ഉണ്ടാകും. ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ഏകോപനം ജില്ലാ കലക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എന്നിവര്‍ക്കായിരിക്കും.
 
3. വിദ്യാലയങ്ങളില്‍ ഹരിത കേരള മിഷന്റെ സഹകരണത്തോടെ നടത്തുന്ന ഹരിതോത്സവം പരിപാടിയുടെ ഭാഗമായി മാലിന്യം വേര്‍തിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അവബോധം ഉണ്ടാക്കും. ഇതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണമുണ്ടാകും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും നവംബര്‍ ഒന്നുമുതല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനും  ജലാശയ തീരത്തുളള മാലിന്യം നീക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. ജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ (ഭേദഗതി) ഓര്‍ഡിനന്‍സ് 2017, കേരള പഞ്ചായത്ത് രാജ് ആക്ട് 1994, കേരള മുനിസിപ്പാലിറ്റി ആക്ട് 1994 എന്നിവ പ്രകാരമുളള ശിക്ഷയും പിഴയും നല്‍കുന്നതടക്കമുളള നിയമ നടപടികളും സ്വീകരിക്കണം. നിലവില്‍ ജില്ലകളുടെ ചാര്‍ജുളള മന്ത്രിമാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
 
4. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തുകള്‍ക്ക് പരമാവധി 10,000 രൂപയും നഗരസഭകള്‍ / കോര്‍പ്പറേഷനുകള്‍  എന്നിവക്ക് 25,000 രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനതു/പ്ലാന്‍ ഫണ്ടില്‍ നിന്ന് വിനിയോഗിക്കാവുന്നതാണ്. 
 
5. ജില്ലാതലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഐ.ഇ.സി. പ്രവര്‍ത്തനങ്ങള്‍ക്ക് ശുചിത്വ മിഷന്റെ ഐ.ഇ.സി ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ വീതം ലഭ്യമാക്കും. തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളുടേയും പങ്കാളിത്തം ജില്ലാ കലക്ടര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്. 
 
6. അധിക വിഹിതം അരിയും മണ്ണെണ്ണയും വിതരണം ചെയ്യും 
 
പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അധിക വിഹിതം അരിയും മണ്ണെണ്ണയും വിതരണം ചെയ്യും. കൈകാര്യചെലവ് മാത്രം ഈടാക്കി മുഴുവന്‍ മുന്‍ഗണനേതര കുടുംബങ്ങള്‍ക്കും അഞ്ചു കിലോ വീതം അരി സെപ്റ്റംബര്‍ മാസവും പത്തു കിലോ വീതം ഒക്ടോബറിലും വിതരണം ചെയ്യും. ദുരിതബാധിത പ്രദേശങ്ങളില്‍ ലിറ്ററിന് 39 രൂപ നിരക്കില്‍ മണ്ണെണ്ണ വിതരണം ചെയ്യും. ബാക്കി വരുന്ന മണ്ണെണ്ണ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യും. കൈകാര്യചെലവ് ഇനത്തില്‍ വരുന്ന ബാധ്യത സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഈടാക്കും. 
 
7. ശുദ്ധ ജലവിതരണത്തിന് ശബരിമലയില്‍ 6.36 കോടി രൂപയുടെ പദ്ധതി
 
ശബരിമലയില്‍ തീര്‍ത്ഥാടന കാലത്ത് ശുദ്ധ ജലവിതരണം ഉറപ്പുവരുത്തും. ഇതിന് പമ്പയിലും നിലയ്ക്കലിലും 6.36 കോടി രൂപയുടെ അടിയന്തര പ്രവൃത്തികള്‍ വാട്ടര്‍ അതോറിറ്റി നടപ്പാക്കും. 
8. ജഡായുപാറ ടൂറിസം പദ്ധതിയുടെ നടത്തിപ്പിനായി ഹെലികോപ്റ്റര്‍ സര്‍വ്വീസ് ആരംഭിക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു.
 
9. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ലാന്റ് റവന്യൂ വകുപ്പിന് അനുവദിച്ച 546 താല്‍ക്കാലിക തസ്തികകള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് കൂടി തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു. 
 
10. കേരള മീഡിയ അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുളള ജീവനക്കാര്‍ക്ക് ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. 
 
11. കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ആന്റ് ഇമ്മ്യൂണോ ഹെമറ്റോളജി വിഭാഗത്തില്‍ ഒരു അസോസിയേറ്റ് പ്രൊഫസറുടെ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
 
12. പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ അന്താരാഷ്ട്ര നിലവാരമുളള ഐ.ടി.ഐ
 
പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ അന്താരാഷ്ട്ര നിലവാരമുളള ഐ.ടി.ഐ. സ്ഥാപിക്കുന്നതിന് ചിറ്റൂര്‍ താലൂക്കില്‍ മൂലത്തറ വില്ലേജില്‍ ജലസേചന വകുപ്പിന്റെ കൈവശമുളള 3.5 ഹെക്ടര്‍ ഭൂമിയില്‍ നിന്നും അഞ്ച് ഏക്കര്‍ ഭൂമിയുടെ കൈവശാവകാശം വ്യാവസായിക പരിശീലന വകുപ്പിന് കൈമാറാന്‍ തീരുമാനിച്ചു. 
 
15. ക്രൗഡ് ഫണ്ടിങ് മോഡല്‍ അംഗീകരിച്ചു
 
പ്രളയക്കെടുതികള്‍ക്കു ശേഷമുളള പുനര്‍നിര്‍മാണ സംരംഭങ്ങള്‍ക്കായി കെ.പി.എം.ജി സമര്‍പ്പിച്ച ക്രൗഡ് ഫണ്ടിംഗ് മാതൃക അംഗീകരിച്ചു. ഇത് നടപ്പാക്കുന്നതിനായി മിഷന്‍ സ്ഥാപിക്കും. വീടുകള്‍, ഉപജീവന മാര്‍ഗ്ഗങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി നിബന്ധനകള്‍ക്ക് വിധേയമായി സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നതിനും പദ്ധതി നിര്‍ദേശം വ്യവസ്ഥ ചെയ്യുന്നുണ്ട്.