Wednesday 19th of December 2018

പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ്

Category: Cabinet Brief Published: Wednesday, 11 April 2018
മന്ത്രിസഭാ തീരുമാനങ്ങള്‍ (11 ഏപ്രില്‍ 2018) 
തിരുവനന്തപുരം: അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് പരിയാരവും അതോടനുബന്ധിച്ച കേരള കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കോംപ്ലക്‌സും ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. വടക്കന്‍ കേരളത്തില്‍ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരുന്നതിനും ഉദ്ദേശിച്ചാണ് സഹകരണമേഖലയിലുളള പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധസ്ഥാപനങ്ങളും ഏറ്റെടുക്കുന്നത്.
ആശുപത്രി കോംപ്ലക്‌സും അക്കാദമിയും നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതിനാല്‍ ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ട സൊസൈറ്റി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതുകൂടി കണക്കിലെടുത്താണ് തീരുമാനം. 1997ല്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുത്തിരുന്നു. എന്നാല്‍ പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഭരണനിയന്ത്രണം സൊസൈറ്റിക്ക് തിരിച്ചു നല്‍കുകയാണുണ്ടായത്. 
മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ (201116) കോളേജും ആശുപത്രിയും ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല. 2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷമാണ് ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചത്. ഹഡ്‌കോയില്‍ നിന്ന് സൊസൈറ്റി എടുത്ത വായ്പ കുടിശ്ശികയായിരുന്നു. ഹഡ്‌കോ വായ്പയില്‍ കേരളത്തില്‍ നടപ്പാക്കുന്ന മറ്റ് പദ്ധതികളെപ്പോലും അത് ബാധിച്ചു. ഈ സാഹചര്യത്തില്‍ ഹഡ്‌കോയ്ക്കുളള ബാധ്യത പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തു. ഗഡുക്കളായി വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്. 2019ല്‍ തിരിച്ചടവ് പൂര്‍ത്തിയാവും.
സര്‍ക്കാരിന് അധികസാമ്പത്തികബാധ്യത ഉണ്ടാകാത്ത വിധത്തില്‍ തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂര്‍ സര്‍ക്കാര്‍ ആയൂര്‍വേദ കോളേജുകളിലും കോട്ടയ്ക്കല്‍ വൈദ്യരത്‌നം പി.എസ്. വാര്യര്‍ ആയുര്‍വേദ കോളേജിലും ആയൂര്‍വേദ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്‌സ് അനുവദിക്കാന്‍ തീരുമാനിച്ചു.
 
2. മില്‍മയിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം
മില്‍മയിലെ ജീവനക്കാര്‍ക്ക് 2016 ജൂലൈ മുതല്‍ പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.
 
3. ഓട്ടോകാസ്റ്റ് ലിമിറ്റഡിന്റെ പ്രവര്‍ത്തനമൂലധനത്തിനായി പത്ത് കോടി രൂപ ബാങ്ക് വായ്പയെടുക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കാന്‍ തീരുമാനിച്ചു.
 
4. പഞ്ചായത്ത് അംഗങ്ങളും നഗരസഭ അംഗങ്ങളും സ്ഥാനമേറ്റ തീയ്യതി മുതല്‍ പതിനഞ്ച് മാസത്തിനകം ആസ്തിബാധ്യതകളുടെ കണക്ക് സമര്‍പ്പിക്കണമെന്ന പഞ്ചായത്ത് രാജ് ആക്റ്റിലേയും കേരള മുനിസിപ്പാലിറ്റി ആക്റ്റിലേയും വ്യവസ്ഥ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. പതിനഞ്ച് മാസത്തെ സമയപരിധി മുപ്പത് മാസമാക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. നിശ്ചിതസമയത്തിനകം സ്വത്തുവിവരം സമര്‍പ്പിക്കാന്‍ കഴിയാത്ത നിരവധി അംഗങ്ങള്‍ അയോഗ്യരാകുന്നത് ഒഴിവാക്കാനാണ് നിയമഭേദഗതി.
 
5. ടോമിന്‍ ജെ. തച്ചങ്കരിക്ക് കെ.എസ്.ആര്‍.റ്റി.സിയുടെ ചുമതല
ഫയര്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ ടോമിന്‍ ജെ. തച്ചങ്കരിയെ സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോ എ.ഡി.ജി.പി.യായി നിയമിക്കാനും കെ.എസ്.ആര്‍.റ്റി.സി മാനേജിംഗ് ഡയറക്റ്ററുടെ ചുമതല നല്‍കാനും തീരുമാനിച്ചു. ഇപ്പോള്‍ കെ.എസ്.ആര്‍.റ്റി.സി എം.ഡി.യായ എ. ഹേമചന്ദ്രനെ ഫയര്‍ഫോഴ്‌സ് ഡയറക്റ്റര്‍ ജനറലായി മാറ്റി നിയമിക്കാനും തീരുമാനിച്ചു.