Sunday 17th of December 2017

ഓഖി ദുരന്തം: സഹായധനം ഒരുമിച്ചുനല്‍കും

Category: Cabinet Brief
Published: Wednesday, 13 December 2017
മന്ത്രിസഭാ തീരുമാനങ്ങള്‍ (13 ഡിസംബര്‍ 2017)
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള 20 ലക്ഷം രൂപയുടെ സഹായധനം ഒരുമിച്ച് നല്‍കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി കടലില്‍ തെരച്ചില്‍ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 
പത്ത് ലക്ഷം രൂപ സര്‍ക്കാരും അഞ്ച് ലക്ഷം രൂപ വീതം മല്‍സ്യബന്ധന വകുപ്പും, മല്‍സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡുമാണ് നല്‍കുക.  ഇത് ഒരുമിച്ചു നല്‍കും. ദേശീയ ദുരന്ത നിവാരണഫണ്ടില്‍നിന്നും 1,843 കോടി രൂപ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കടലില്‍ തെരച്ചില്‍ തുടരണമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാറാമിനോട് ആവശ്യപ്പെട്ടു. അനുകൂലമായ മറുപടിയാണ് ഉണ്ടായിട്ടുള്ളത്. 
ക്ഷേമനിധിബോര്‍ഡില്‍ അംഗത്വമില്ലാത്ത മരിച്ചവരുടെ കുടുംബത്തിനും ധനസഹായം നല്‍കും. ബോര്‍ഡില്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വൈകുന്നതിനാല്‍ അതിനു കാക്കാതെ ബോര്‍ഡിന്റെ ഫണ്ടില്‍നിന്നും ധനസഹായം നല്‍കാനാണ് തീരുമാനം. സഹായധനം ലഭിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ആരും ബുദ്ധിമുട്ടേണ്ടി വരില്ല . 
മരണപ്പെട്ടവരില്‍ കൂടുതല്‍പേരെ തിരിച്ചറിയാനായിട്ടുണ്ട്. ഡിഎന്‍എ പരിശോധന നടത്തി മറ്റുള്ളവരേയും തിരിച്ചറിയും 
ഗുരുതരമായി പരിക്കേറ്റ് തുടര്‍ന്ന് തൊഴില്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ബദല്‍ ജീവനോപാധിയായി 5 ലക്ഷം രൂപ നല്‍കും. ആശുപത്രിയില്‍ ചികില്‍സയിലുള്ളവര്‍ക്കും ആശുപത്രി വിട്ടവര്‍ക്കും 20000 രൂപ നല്‍കും. ബോട്ടുനഷ്ടമായവര്‍ക്കും നാശമായവര്‍ക്കും വലകളും മറ്റ് മല്‍സ്യ ബന്ധനോപാധികള്‍ നഷ്ടമായവര്‍ക്കും തത്തുല്യമായ നഷ്ടപരിഹാരം നല്‍കും. മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് പ്രത്യേകപരിഗണന നല്‍കും.
കടലില്‍ പോകുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശാസ്ത്രീയവും സാങ്കേതികവുമായ നടപടി സ്വീകരിക്കും.ബോട്ടുകളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തും. 
മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിലേക്ക് മന്ത്രിമാര്‍ ഒരു മാസത്തെ വേതനം നല്‍കിയിട്ടുണ്ട്. ദുരിത ബാധിതരെ സഹായിക്കാന്‍ എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ സ്വീകരിക്കും .ദുരന്ത ബാധിതരെ സഹായിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു, ജീവനക്കാര്‍ മൂന്നുദിവസത്തെ വേതനവും തൊഴിലാളികള്‍ ഒരു ദിവസത്തെ വേതനവും നല്‍കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
മറ്റ് തീരുമാനങ്ങള്‍
 
1. കോഴിക്കോട് വിജിലന്‍സ് ട്രിബ്യൂണലായി ഗീത വി.യെ നിയമിക്കാന്‍ തീരുമാനിച്ചു.
 
2. കേരള ആര്‍ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പറേഷന് ദേശീയപിന്നാക്കവിഭാഗ ധനകാര്യവികസനകോര്‍പറേഷനില്‍നിന്ന് വായ്പ ലഭ്യമാക്കുന്നതിനുളള സര്‍ക്കാര്‍ ഗ്യാരന്റി മൂന്ന് കോടി രൂപയില്‍നിന്നും ആറ് കോടിയായി വര്‍ദ്ധിപ്പിച്ച് അഞ്ചു വര്‍ഷത്തേക്ക് ഗ്യാരന്റി വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കാന്‍ തീരുമാനിച്ചു.
 
3. തൃശ്ശൂര്‍ സര്‍ക്കാര്‍ ഡെന്റല്‍ കോളേജില്‍ ഓര്‍ത്തോഡോണ്ടിക്‌സ് വിഭാഗത്തില്‍ ഒരു പ്രൊഫസര്‍ തസ്തികയും പ്രോസ്‌തോഡോണ്ടിക്‌സ്, ഓറല്‍ പത്തോളജി എന്നീ വിഭാഗങ്ങളിലായി ഓരോ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയും സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
 
4. ഇടമലയാര്‍ ഉള്‍വനങ്ങളിലെ വാരിയം കോളനിയില്‍ താമസിക്കുന്ന മുതുവാന്‍മന്നാന്‍ വിഭാഗത്തില്‍പ്പെടുന്ന എട്ട് ആദിവാസി സെറ്റില്‍മെന്റുകളിലെ അറുപത്തിയേഴ് കുടുംബങ്ങള്‍ക്ക് ഉള്‍വനത്തിലെ ഒറ്റപ്പെട്ട അവസ്ഥയും ജീവിതസൗകര്യങ്ങളുടെ അപര്യാപ്തതയും വന്യമൃഗങ്ങളുടെ ശല്യവും കണക്കിലെടുത്ത് അവരെ പന്തപ്രയിലെ ഉരുളന്‍തണ്ണിതേക്ക് പ്ലാന്റേഷനിലേക്ക് പുനഃരധിവസിപ്പിക്കുന്നതിന് തീരുമാനിച്ചു. ഇവര്‍ക്ക് ഓരോ കുടുംബത്തിനും രണ്ട് ഏക്കര്‍ വീതവും മറ്റ് പൊതുവികസനങ്ങള്‍ക്കായി 26.8 ഏക്കറും (20 ശതമാനവും) ഭൂമി മേല്‍ പ്ലാന്റേഷനിലെ തെരഞ്ഞെടുത്ത ഭാഗങ്ങളില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. പുനഃരധിവാസത്തിനുളള സത്വരനടപടികള്‍ പട്ടികവര്‍ഗവികസനവകുപ്പും വനം വകുപ്പും സംയുക്തമായി നടപ്പാക്കാനും തീരുമാനിച്ചു.